പാലോടിന്‍റ്റെ വിനോദ സഞ്ചാര സാദ്ധ്യതകള്‍

മീന്‍‌മുട്ടി - കല്ലാര്‍



Courtesy: എന്റെ യാത്രകള്‍ by Siva

-Referred by സാദിര്‍ഷാ പാലോട്


ല്ലാര്‍ നദി - പൊന്‍‌മുടി മലനിരകളിലെ ചെമ്മുഞ്ചി മൊട്ടയില്‍ ഏകദേശം 1860 മീറ്റര്‍ മുകളില്‍ നിന്നും ഉത്ഭവിച്ച് കാളിപ്പാറയാര്‍, പന്നിവാസല്‍ ആര്‍, മഞ്ഞപ്പാറയാര്‍, ചിറ്റാര്‍, കിളിമാനൂര്‍ നദി ഇവയോടൊപ്പം ചേര്‍ന്ന് അവസാനം വാമനപുരം നദിയായി ചിറയിന്‍‌കീഴിനു സമീപത്തെ അഞ്ചുതെങ്ങുല്‍ വച്ച് അറബിക്കടലില്‍ ചേരുന്നു. എത്ര ദീര്‍ഘവും സുന്ദരവുമായ ജീവിതയാത്ര. 

പൊന്‍മുടിയിലേയ്ക്കുള്ള യാത്രാവഴിയിലായി വിതുര കഴിഞ്ഞു കുറെ ദൂരം പോകുമ്പോള്‍ ഇടതുവശത്തുകൂടി വെള്ളാരം കല്ലുകള്‍ പാകി കല്ലാര്‍ ഒഴുകിപ്പോകുന്നു. അകലെയായി മഞ്ഞുമൂടിക്കിടക്കുന്ന പൊന്‍‌മുടിയിലെ മലനിരകള്‍ കാണാം.
കുറച്ചു കൂടി മുന്നിലേയ്ക്ക് സഞ്ചരിയ്ക്കുമ്പോള്‍ പാത നദി മുറിച്ചു കടന്നു പോകുന്നു. ഇവിടെ നിന്നും നദിയുടെ കരയിലൂടെ വനത്തിലൂടെ ഉദേശം രണ്ടു കിലോമീറ്റര്‍ നടന്നുപോയാല്‍ മീന്‍‌മുട്ടി വെള്ളച്ചാട്ടത്തിലെത്തിച്ചേരാം. പ്രധാന ഗേറ്റില്‍ നിന്നും യാത്രികര്‍ക്കും വാഹനത്തിനുമുള്ള പാസ് വാങ്ങി യാത്ര പിന്നെയും തുടരാം. വാഹനം അരകിലോമീറ്ററോളം കൂടി വനത്തിലൂടെ കടന്നു പോകും. അവിടെ നിന്നും കാട്ടരുവികളോടും, വനമരങ്ങളോടും, കുഞ്ഞു പക്ഷികളോടു, ശലഭങ്ങളോടും ഒക്കെ സംവദിച്ച് പതിയെ ഒരു നടത്തം.
“കാട്ടിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് നിങ്ങളുടെ മനസ്സിലെ കാടത്തം ദയവായി ഇവിടെ ഉപേക്ഷിച്ചാലും. എന്നിട്ടു ചുറ്റും കണ്ണോടിയ്ക്കൂ. കിളികളുടെ കൊഞ്ചലും, കാറ്റിന്റെ കിന്നാരവും, അരുവികളുടെ കളകളാരവവും, ഇലകളുടെ മര്‍മ്മര താളവും, ചീവീടിന്റെ ശബ്ദവും, ഒക്കെ കേള്‍ക്കാന്‍ കാതോര്‍ക്കുക. കാട്ടുപൂവിന്റെ മാദകത്വവും, കരിമണ്ണിന്റെ മണവും നിങ്ങളെ ഉന്മത്തരാക്കട്ടെ! പ്രകൃതിയുടെ മനോഹാരിതയും, ചെടികളുടെ വൈവിധ്യവും ഒക്കെ കാണാന്‍ കണ്ണുകള്‍ തുറന്നു പിടിയ്ക്കുക. പൊയ്‌മുഖമില്ലാതെ തുറന്ന മനസ്സോടെ, വിടര്‍ന്ന കണ്ണുകളിലൂടെ, കൂര്‍ത്ത കാതുകളിലൂടെ പ്രകൃതിയെ ആസ്വദിയ്ക്കുക - സ്നേഹിയ്ക്കുക. തിരിച്ചു പോകുമ്പോള്‍ കണ്ട കാര്യങ്ങള്‍ അയവിറക്കുമല്ലോ. ഇവിടുത്തെ സന്ദര്‍ശനം നിങ്ങള്‍ക്കൊരു അനുഭവമായിരുന്നെങ്കില്‍ അത് മറ്റുള്ളവരോടും പറയുക. അവരും ഇവിടെ വരട്ടെ! ഈ പ്രകൃതിഭംഗി കാണട്ടെ - ആസ്വദിയ്ക്കട്ടെ.”
“മനുഷ്യനോളം പ്രകൃതിയ്ക്ക് കോട്ടം വരുത്തിയ മറ്റൊരു ജീവി ഭൂമിയിലെ ഇല്ലെന്നു തന്നെ പറയാം. മുന്നൂറുകോടി വര്‍ഷങ്ങളോളം ദീര്‍ഘമായ ജൈവവികാസ പരിണാമചരിത്രത്തില്‍ ഏറിയാല്‍ ഇരുപതുലക്ഷം വര്‍ഷങ്ങളുടെ മാത്രം പാരമ്പര്യമുള്ള മനുഷ്യന്‍ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ച അശാസ്ത്രീയമായ വികസനപ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കിയിരിയ്ക്കുന്നു.”
“പതിനാറു വൃക്ഷങ്ങള്‍ ചേര്‍ന്നുല്പാദിപ്പിയ്ക്കുന ഓക്സിജന്‍ മതി, ഒരു മനുഷ്യന്റെ ആയുസ്സു മുഴുവന്‍ ശ്വസിയ്ക്കാന്‍.”
വഴിയരികിലെ ഈ കുറിപ്പുകള്‍ വായിച്ച് മനസ്സിലാക്കി യാത്ര തുടരാം, പ്രകൃതിയോടൊപ്പം ചേര്‍ന്ന്...
ഈറക്കാടുകള്‍ക്കിടയിലൂടെ, വളഞ്ഞു തിരിഞ്ഞുപോകുന്ന കയറ്റിറക്കങ്ങള്‍ നിറഞ്ഞ വഴിയിലൂടെ, മലയിറങ്ങി വരുന്ന തണുത്ത കാറ്റുമേറ്റ്, വനമരങ്ങളുടെ കൂറ്റന്‍ വേരുകളില്‍ ചവിട്ടി അങ്ങനെ നടക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയുണ്ട്.
വഴിയില്‍ തന്നെ ഒരു കൂറ്റന്‍ ഗുഹാമുഖമുണ്ട്. ആകാശത്തെ മറച്ച് നില്‍ക്കുന്ന ഒരു കൂറ്റന്‍ പാറ. അരികിലൂടെ ചെറിയ വഴി. തെന്നിപ്പോകാതിരിയ്ക്കാനായി മരത്തടികള്‍ കൂട്ടിയോജിപ്പിച്ച് പാറക്കഷണങ്ങള്‍ക്ക് മുകളിലായി വച്ചിരിയ്ക്കുന്നു. ഇനി കുറേ ദൂരം വെയില്‍ തീരെ വീഴാത്ത ഇരുണ്ട പ്രദേശമാണ്, വാള്‍ട്ട് ഡിസ്നിയുടെ കാര്‍ട്ടൂണ്‍ സിനിമയിലെ കാടുകളെ അനിസ്മരിപ്പിയ്ക്കുന്ന തരത്തിലെ ചെടികളും വള്ളികളും ഒക്കെയായി ഒരു അത്ഭുതലോകം.
ഈറക്കാടുകളിലൂടെ ഒഴുകിവരുന്ന ചെറിയ അരുവികള്‍ ചിലപ്പോഴൊക്കെ നടപ്പാതയെ മുറിച്ചു ഒഴുകിക്കൊണ്ടിരുന്നു.
മരങ്ങളില്‍ നിന്നും മരങ്ങളിലേയ്ക്ക് പടര്‍ന്നു കയറിപ്പോകുന്ന കൂറ്റന്‍ വള്ളിച്ചെടികള്‍.   
അത്യപൂര്‍വ ശലഭമായ ബ്ലൂ നവാബിനെ ഒരു വര്‍ഷം മുമ്പ് കണ്ടെത്തിയത് ഈ വനമേഘലയില്‍ നിന്നുമായിരുന്നു. കാനനറോസ്, വനദേവത, പുള്ളിവാലന്‍, സുവര്‍ണ്ണശലഭം, മരോട്ടിശലഭം, ബുദ്ധമയൂരി, വെള്ളിവാലന്‍, നീലരാജന്‍, നീര്‍മാതള ശലഭം, ഗരുഡശലഭം ഇവയുടെ സുലഭത വ്യക്തമാക്കുന്ന ഒരു ബോര്‍ഡ് വഴിയരികിലായി കാണാം.
ശീതളിമയില്‍ മുങ്ങി നിവരാന്‍ അപകടരഹിതമായ സ്നാനഘട്ടങ്ങള്‍ കല്ലാറില്‍ അനവധിയുണ്ട്, അതോടൊപ്പം തന്നെ അപകടകരമായ കയങ്ങളും വഴുക്കന്‍ പാറകളും. വിവിധതരം മത്സ്യങ്ങളാല്‍ സമ്പന്നമാണ് ഈ വനനദി.
മഴക്കാലമായതിനാല്‍ കടപുഴകി വീണുകിടക്കുന്ന കൂറ്റന്‍ മരങ്ങള്‍ അവിടമാകെ കാണാമായിരുന്നു.
ഇപ്പോള്‍ കയറ്റം ദുഷ്കരമായി. മുന്നില്‍ അകലെയായി ഉയരങ്ങളില്‍ നിന്നും വെള്ളം താഴേയ്ക്ക് പതിയ്ക്കുന്ന ശബ്ദം കേള്‍ക്കാം. ഒടുവില്‍ കുത്തനെ കയറ്റമിറങ്ങി വെള്ളച്ചാട്ടത്തിനരികിലെത്തി.
തികച്ചും വന്യമായ വെള്ളച്ചാട്ടം. മുന്നിലായി കടപുഴകി വീണുകിടക്കുന്ന കൂറ്റന്‍ മരം, അതിനു മുന്നിലായി കയം, അതിനുമപ്പുറത്തായി മലമുകളില്‍ നിന്നും ചിതറിത്തെറിച്ച് ഭയനകമായ ശബ്ദത്തോടെ കയത്തിലേയ്ക്ക് പതിയ്ക്കുന്ന വെള്ളച്ചാട്ടം.
കല്ലാറിന്റെ തീരം ചേര്‍ന്ന് ഈറക്കാടുകളുടെ ഓരം ചേര്‍ന്ന് ഒരു യാത്ര ഇവിടെ അവസാനിയ്ക്കുന്നു. ഞങ്ങളുടെ മുന്നില്‍ പൊന്‍‌മുടിയിലെ മലനിരകളിലേയ്ക്കുള്ള വഴി വളഞ്ഞുതിരിഞ്ഞു കിടപ്പുണ്ട്, അതിലേ മുന്നോട്ട്.