പാലോടിന്‍റ്റെ വിനോദ സഞ്ചാര സാദ്ധ്യതകള്‍

തുമ്പിയാന അഥവാ കല്ലാന

പാലോട്: ഒരു തുമ്പിയുടെ വേഗത്തില്‍ കീഴ്ക്കാംതൂക്കായ മലനിരകള്‍ ഓടിക്കയറുന്ന ആന. മനുഷ്യനോളം പൊക്കമില്ലാത്ത, ആദിവാസികള്‍ കുള്ളനാനയെന്ന് വിളിക്കുന്ന കല്ലാന. പേപ്പാറ റെയ്ഞ്ചിലെ തീപ്പച്ചാംകുഴിക്ക് സമീപം കഴിഞ്ഞ ദിവസം തുമ്പിയാനയെ കണ്ടു. കല്ലാന ഉണ്ടെന്നും ഇല്ലെന്നുമുള്ള തര്‍ക്കം കഴിഞ്ഞ അഞ്ചുവര്‍ഷമായി നിലനില്‍ക്കെയാണ് വീണ്ടും ഈ ആന ക്യാമറക്കണ്ണുകളില്‍ പതിഞ്ഞത്. വന്യജീവി ഫോട്ടോഗ്രാഫറായ ജയിന്‍ അങ്ങാടിക്കലാണ് തീപ്പച്ചാംകുഴിക്ക് സമീപം കല്ലാനയുടെ ചിത്രം പകര്‍ത്തിയത്. അഞ്ചുവര്‍ഷം മുമ്പാണ് കല്ലാന വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറയില്‍ ആദ്യം പതിഞ്ഞത്. എന്നാല്‍ ഇത്തരമൊരാന അഗസ്ത്യമല നിരകളില്‍ ഇല്ലെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. ഈ വാദത്തെ ഒരിക്കല്‍ക്കൂടി തള്ളിക്കളയുന്നതാണ് കഴിഞ്ഞ ദിവസത്തെ തുമ്പിയാനക്കാഴ്ച. അഗസ്ത്യമലയടിവാരത്തെ ചാത്തന്‍കോട്ടുനിന്നും പതിനൊന്ന് കിലോമീറ്റര്‍ അകലെയാണ് തീപ്പച്ചാംകുഴി. ഇതിനടുത്ത് കരമനയാറിന്റെ ഉത്ഭവപ്രദേശത്ത് ശരീരം തണുപ്പിക്കുന്നതിനെത്തിയതായിരുന്നു ആനകളിലെ ഈ വിചിത്രന്‍. അഗസ്ത്യമലനിരകളിലെ അത്യപൂര്‍വയിനം ആനകളാണ് ആദിവാസികള്‍ തുമ്പിയാന എന്നു വിളിക്കുന്ന കല്ലാന. വലിപ്പക്കുറവും അമിതവേഗതയില്‍ ഓടാനുള്ള കഴിവുമാണ് ഈ ആനകള്‍ക്ക് തുമ്പിയാന എന്ന് പേരു വരാന്‍ കാരണം. ഉള്‍വനത്തിലെ ആദിവാസികളായ കാണിക്കാരാണ് ഇതിന് മുമ്പും തുമ്പിയാനയെ കണ്ടിട്ടുള്ളത്. വന്യജീവി വകുപ്പിന്റെ കണക്കനുസരിച്ച് പൂര്‍ണ വളര്‍ച്ചയെത്തിയ ആനകള്‍ക്ക് 2.13 മുതല്‍ 2.44 മീറ്റര്‍ (7.1 അടിമുതല്‍ 8.1 അടി വരെ) പൊക്കം ഉണ്ട്. എന്നാല്‍ തുമ്പിയാനകള്‍ക്ക് നാലര അടിയില്‍ താഴെ മാത്രമേ പൊക്കം വരൂ. തറയില്‍ തട്ടി നില്‍ക്കുന്ന വാല്, വാലില്‍ നിറഞ്ഞുനില്‍ക്കുന്ന രോമങ്ങള്‍, തൊലിപ്പുറത്തെ അസാധാരണമായ ചുളിവുകള്‍, മുതുകെല്ലിന്റെ സവിശേഷത എന്നിവയൊക്കെയാണ് ഇതിനെ സാധാരണ ആനകളില്‍ നിന്നും വേറിട്ടതാക്കുന്നത്. പൊതുവേ ആക്രമണകാരിയാണ്. അഗസ്ത്യമലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ ഇരുമ്പ് വടത്തില്‍ തൂങ്ങിയാണ് തീര്‍ത്ഥാടകര്‍ അഗസ്ത്യമലയിലെത്തി ദര്‍ശനം നേടുന്നത്. ഏറെ ദുരിതപൂര്‍ണമായ ഈ യാത്രയില്‍ ഭക്തര്‍ക്ക് എന്നും അത്ഭുതം ഈ പാറയുടെ മുകളില്‍ അനായാസം കയറുന്ന കല്ലാനകള്‍ തന്നെയാണ്. നേരത്തെ തുമ്പിയാനയെ കണ്ടെത്തിയതായ വാര്‍ത്തകള്‍വന്നപ്പോള്‍ ഇവയെപ്പറ്റി ഗവേഷണം നടത്താന്‍ വിദഗ്ദ്ധസംഘത്തെ നിയോഗിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും ആവഴിക്കൊരു നേട്ടവും വനം വകുപ്പ് ഉണ്ടാക്കിയിട്ടില്ല.