പാലോടിന്‍റ്റെ വിനോദ സഞ്ചാര സാദ്ധ്യതകള്‍

വരയാട്ടുമൊട്ട



Written by സോജന്‍ പി.ആര്‍   in yathrakal.com
Sunday, 20 June 2010 05:17

"വരയാടും വേഴാമ്പലും നിങ്ങളെ കാത്തിരിക്കുന്നു"


വരയാട്ടുമൊട്ടയെ പറ്റി വന്ന ലേഖനത്തില്‍ ഏറെ ആകര്‍ഷിച്ചത് ഈ വരികളായിരുന്നു.മുഴുവന്‍ വായിക്കും മുന്‍പേ തന്നെ അവിടെക്കൊരു യാത്ര മനസ്സില്‍ ഉറപ്പിച്ചു. തിരുവനന്തപുരത്തിന്റെ 59 കിലോമീറ്റര്‍ അകലെ പൊന്‍ മുടിക്കടുത്താണ് വരയാട്ടുമൊട്ട. 1200 മീറ്ററൊളം ഉയരമുള്ള ഈ റേഞ്ചിലെ എറ്റവും ഉയരംകൂടിയതാണു വരയാട്ടുമൊട്ട ,വരയാട്ടുമുടി എന്നൊക്കെ അറിയപ്പെടുന്ന ഈ കൊടുമുടി. കേരളത്തില്‍ മൂന്നാറിനു തെക്ക് വരയാടുകള്‍ ഉള്ള ഏക മലയും ഇതാണ്. 30എണ്ണത്തൊളം ഇവിടെ ഉണ്ടെന്നാണു അറിയാന്‍ കഴിഞ്ഞതു.ഇകൊ ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഗൈഡഡ് ട്രെക്കിഗ് ആണു ഈ മലകളിലേക്കുള്ളത്.

ചാറ്റല്‍മഴയുള്ള വെളുപ്പാന്‍ കാലത്തുതന്നെ തിരുവനന്തപുരത്തുനിന്നും തിരിച്ചു.നഗരം വിട്ടു ചെറിയ ഗ്രാമങ്ങളിലൂദെ ,ചെറിയ കാടുകളിള്ലൂടെ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയപ്പൊള്‍ 7 മണി കഴിഞ്ഞിരുന്നു. ഇകൊ ടൂറിസം വക ചെറിയ ഓഫീസിന്റെ തിണ്ണയില്‍ ഗൈഡ് രാമചന്ദ്രന്‍ റെഡി.കയ്യില്‍ ഒരു കന്നാസും കത്തിയും ഒരു ചെറിയ പൊതിയും.കന്നാസ് വെള്ളം കൊണ്ടുപൊകാനാണ്. ചോലവനങ്ങള്‍ കടന്നു പുല്‍മെട്ടിലെത്തിയാല്‍ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടാണ്.പൊതിയില്‍ എന്താണെന്നു ചോദിച്ചപ്പൊള്‍ ഒരു ചെറുചിരിയോടെ രാമചന്ദ്രന്‍ തുറന്നു കാട്ടി..നാലഞ്ചു കവര്‍ ശംഭു ആണ്. ആട്ടയ്ക്കെതിരെ ഉള്ള ഒരു ഉഗ്രന്‍ പ്രയോഗം.ശംഭു ചെറിയ കിഴികെട്ടി യാത്രക്കുമുന്‍പുതന്നെ എല്ലാവര്‍ക്കും തന്നിരുന്നു.ഉപ്പു,ഡെറ്റൊള്‍,സോപ്പുപൊടി തുടങ്ങിയ പ്രയോഗങ്ങലേക്കള്‍ വളരെ ഫലപ്രദമാണു ഈ പരിപാടിയെന്നു കിഴി മുട്ടുമ്പൊള്‍ തന്നെ പിടിവിടുന്ന അട്ടകളെ കണ്ടപ്പോള്‍ ശരിക്കും മനസ്സിലായി.


സമുദ്രനിരപ്പില്‍ നിന്നും 200 മീറ്റരില്‍ നിന്നും തുടങ്ങുന്ന യാത്രയില്‍ വരയാട്ടുമൊട്ടയുടെ മുകളിലെത്തന്‍ 3 കിലൊമീറ്റെര്‍ വനത്തിലൂടേയും 2കിലൊമീറ്റെര്‍ പുല്‍മേടുകളിലൂടെയും മലകയറണം.ഫോറസ്റ്റു സ്റ്റേഷനില്‍ നിന്നും നോക്കിയാല്‍ മറ്റു മലകളുടെ മറവുമൂലം വരയാട്ടുമുടി കാണാന്‍ കഴിയില്ല.ഫോറസ്റ്റ് സ്റ്റേഷന്നു തൊട്ടടുത്തുള്ള കാളക്കയവും കുരിശടി വെള്ളച്ചാട്ടവും വളരെ മനോഹരമാണ്.

അക്വേഷിയയും യൂക്കാലി മരങ്ങളും നിറഞ്ഞ നിരപ്പില്‍ നിന്നും കയറിചെല്ലുന്നതു അടഞ്ഞ ഈറ്റക്കാടുകളിലേക്കണ്. തിങ്ങിവളര്‍ന്നു നില്‍ക്കുന്ന ഈറ്റക്കാടുകള്‍ക്കിടയിലൂടെ അരയാള്‍ പൊക്കത്തില്‍ വെട്ടിയിണ്ടാക്കിയിരിക്കുന്ന തുരങ്കതിലൂടേ വേണം മുകളിലെക്കു കയറാന്‍.ഒരാള്‍ക്കു കഷ്ടി നൂണുകടക്കാം.കുനിഞ്ഞു ഉള്ളില്‍ കടന്നാല്‍ പിന്നെ നടുവു നിവര്‍ത്തണമെങ്കില്‍ പുറത്തുകടക്കണം. ഇലകള്‍ വീണുകിടക്കുന്ന കയറ്റത്തില്‍ തെന്നാനും കണ്ണിലും മറ്റും കുത്തികയറാനും സാധ്യതയുള്ളതിനാല്‍ ഇതു വളരെ അപകടകരമായി തോന്നി. ചിലയിടങ്ങളില്‍ 10 മിനിട്ടിലധികം കുനിഞ്ഞു നടക്കേണ്ടിവന്നു.ഇടക്കുള്ള തെളിഞ്ഞ ഇടങ്ങളില്‍ ഒന്നു നടുവുനിവര്‍ത്തി വീണ്ടും ഈറ്റക്കാടുകളിലൂടെ പത്തുപെരുടെ ക്യൂ ഇഴഞ്ഞു നീങ്ങി.മുന്‍പിലും പിന്‍പിലും അരൊക്കെയൊ ഇടക്കു തെന്നിവീഴുന്നുണ്ടെങ്കിലും നിവര്‍ന്നു നോക്കാന്‍ കഴിയുന്നില്ല

നിസ്സാരപരിക്കുകളോടെ ഈറ്റക്കാടിനു പുറത്തെത്തി. ഇനി ഇരുണ്ട പച്ചനിറമുള്ള അടഞ്ഞ നിത്യഹരിതവനങ്ങളാണ്.ആകാശം മറയ്ക്കുന്ന കൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തില്‍ തിളങ്ങുന്ന ചെറിയ നീര്‍ച്ചാലുകള്‍ ‍. ദൂരക്കാഴ്ച്ച തീരെയില്ല. ദിശാബോധം തീരെ നഷ്ടപ്പെട്ടതുപൊലെ തോന്നി. മരങ്ങള്‍ക്കിടയിലൂടെ മുകളിലേക്കുള്ള കുത്തുകയറ്റതില്‍ ഇലകള്‍ വീണഴുകികിടക്കുന്ന മേല്‍മണ്ണ് ഒരടിക്കു രണ്ടടി എന്ന കണക്കില്‍ പിന്നോട്ടു പോകും.താഴേക്കുനോക്കിയാല്‍ ചാടിപിടിക്കന്‍ അവസര്‍ം നൊക്കുന്ന ചോരകുടിയന്‍ അട്ടകള്‍..എങ്ങും നില്‍ക്കാതെ വളരെ വേഗം നടക്കുക എന്നതുമാത്രമാണു പോംവഴി. ഇടക്കൊരു പാറയെതിയപ്പൊളാണു ശംഭു കിഴികള്‍ പുരത്തെടുത്തത്.മിക്കവരുടെയും കഴുത്തില്‍വരെ അട്ടകള്‍ കടിച്ചുതൂങ്ങി. ടീ-ഷര്‍ട്ടുകളില്‍ പലയിടത്തും ചോരപാടുകള്‍ .

അല്പസമയം ഒരു ചെറിയ മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ വിട്ടിട്ടു ഗൈഡ് തിരിച്ചെത്തുമ്പൊള്‍ കയ്യില്‍ ഒരു തീരെ കനംകുറഞ്ഞ എന്നാല്‍ നല്ല ബലമുള്ള ഒരു തരം വടികള്‍ ഉണ്ടായിരുന്നു. ഇവിടെ വളരുന്ന പന വര്‍ഗ്ഗത്തില്‍പ്പെട്ട ചെടിയുടെ മടലുകളാണത്രെ! മുകളിലേക്കു ചെന്നപ്പോള്‍ ഈ ചെടി കാണാന്‍ കഴിഞ്ഞു. കണമരത്തിനോടു സാമ്യമുള്ള അതില്‍ നിന്നും കള്ള് ചെത്തിയെടുക്കാന്‍ പറ്റുമത്രെ!

കയറ്റത്തിനിടയില്‍ പലരും വീണെങ്കിലും അധികം പെയിന്റു പോകാതെ രക്ഷപെട്ടു.




മൂന്നിലധികം മണിക്കൂര്‍ നീണ്ട വനയാത്ര പതിനൊന്നു മണിയൊടെ പുല്‍മേട്ടിലെത്തിച്ചു. വെളിച്ചവും പുല്‍മേടും കണ്ടപ്പൊള്‍ തന്നെ വല്ലാത്തൊരാശ്വാസം.അങ്ങിങ്ങു കുറച്ചു മലകള്‍ കാണാം. മുന്നോട്ട് പോകുംതോറും താഴ്വരകളുടെ സുഭഗ ദര്‍ശനം കിട്ടിതുടങ്ങും.
പുല്‍മേടിന്റെ ഒത്തനടുക്കുള്ള ഒറ്റപാറയും ചുറ്റും തണല്‍ തീര്‍ത്തു നില്‍ക്കുന്ന നാലഞ്ചു മരങ്ങളും സവിശേഷമായ കാഴ്ച്ചയാണ്. സുഖകരമായ തണുത്ത കാറ്റേറ്റ് മേഘങ്ങളെ ഉമ്മവെക്കുന്ന മലകളെയും പച്ചപുതച്ച താഴ്വാരങ്ങളെയും കണ്ടു വിശ്രമിച്ചെ ആരും മുകളിലേക്കു പോകൂ.


പുല്‍മേടുകളില്‍ ചിലയിടങ്ങളില്‍ കാഴ്ച്ചപ്പനയോട് സാമ്യമുള്ള ചില മരങ്ങള്‍ കൂട്ടമായി വളര്‍ന്നു നില്‍പ്പുണ്ട്. ഈ പനകള്‍ ഉയര്‍ന്ന മലകളിലേ വളരൂ എന്നും ഇതിന്റെ പഴുത്തുവീഴുന്ന ഓലകള്‍ വരയാടുകള്‍ കഴിക്കാറുണ്ടെന്നുമൊക്കെ ഗൈഡില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. വാഗമണ്‍ കുരിശുമലയിലെ ചില പാറക്കെട്ടുകളില്‍ ഇത്തരം പനകള്‍ മുന്‍പു കണ്ടതോര്‍ക്കുന്നു.

പുല്‍മേടുകളില്‍ നിന്നും നോക്കിയാല്‍ തലക്കു മുകളിലായി വരയാട്ടുമൊട്ട കാണാം. വലിയ മകമത്സ്യത്തെ കൊത്തിവെച്ചിരിക്കുന്നതുപൊലേ വലിയ ഒരു പാറ. അതിന്റെ ചുവട്ടില്‍ എതിയപ്പൊള്‍ തന്നെ എല്ലാവരും തളര്‍ന്നിരുന്നു.ഗൈഡ് അടക്കം പലര്‍ക്കും ഇനി മുകളിലേക്കു കയറാന്‍ മടി.പാറക്കെട്ടുകളിലൂടെ മുകളിലേക്കു വലിഞ്ഞു കയറുന്നതു വിലക്കിയ ഗൈഡിന്റെ മുന്നറിയിപ്പുകള്‍ സ്നേഹപൂര്‍വം അവഗണിച്ചു ഞാനടക്കം കുറച്ചുപേര്‍ മുകളിലേക്കു കയറി. ഇടക്കിടെ വന്നുപോകുന്ന മേഘങ്ങള്‍ ചാറ്റല്‍മഴ പൊഴിക്കുന്നതിനാലാവണം പാറകളും പുല്ലുമെല്ലാം നന്നായി നനഞ്ഞിരിക്കുന്നു. നല്ല വഴുക്കലുമുണ്ട്. ചില മേഘങ്ങള്‍ കടന്നുപോകുമ്പോള്‍ മഴപെയ്തതു പോലെ ഞങ്ങള്‍ നനഞ്ഞെങ്കിലും താഴെ നിന്നവര്‍ ഒട്ടും നനയാഞ്ഞതു കണ്ടു പിന്നീടു വിസ്മയം തോന്നി. ഇടക്കു ഞങ്ങളുടെ നിലക്കും താഴത്തുകൂടി കടന്നുപോയ മേഘം താഴ്വരകളുടെയും താഴെ നില്‍ക്കുന്നവരുടെയും ദൃശ്യങ്ങള്‍ പറ്റെ മായിച്ചു. മുകളില്‍ നോക്കിയാല്‍ നനഞ്ഞ പാറയും താഴെ മേഘങ്ങളും. ആ അനുഭൂതി വര്‍ണ്ണകള്‍ക്ക് അപ്പുറമാണ്. ക്ഷമിക്കൂ.


അരമണിക്കൂര്‍ പരിശ്രമം വേണ്ടിവന്നു മുകളിലെത്താന്‍. ഇവിടെ നിന്നാല്‍ കടല്‍ കാണാം എന്നുപറഞ്ഞിരുന്നു എങ്കിലും കാലാവസ്ഥ പ്രതികൂലമായിരുന്നു. കനത്ത മഞ്ഞുവന്നു കാണാഞ്ഞിട്ടാവണം താഴെനിന്നും കൂക്കുവിളികള്‍ കേട്ടു. താഴേക്ക്‌ നോക്കിയാല്‍ മഞ്ഞല്ലാതെ ഒന്നും കാണാന്‍ കഴിയുന്നില്ല. മുകളിലെത്തിയതിന്റെ സന്തോഷവും വരയാടിനെ കാണാത്ത ദുഖവുമായി അഞ്ചരമണിക്കൂര്‍ കയറ്റം അവസാനിപ്പിച്ചു ഇറങ്ങാന്‍ തുടങ്ങി. ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തുമ്പോള്‍ അഞ്ചുമണി കഴിഞ്ഞിരുന്നു. തൊട്ടടുത്തുള്ള മങ്കയം വെള്ളച്ചാട്ടത്തില്‍ കുളിച്ചു ചീവിടിന്റെ സംഗീതത്തിന്റെ അകമ്പടിയോടെ വണ്ടിയില്‍ കയറി തിരിക്കുമ്പോള്‍ സൂര്യന്റെ അവസാന രശ്മികളും മങ്ങിമറഞ്ഞു കഴിഞ്ഞിരുന്നു.

------------------------------------------------------------------------------------------------------------
എത്തേണ്ട വഴി : തിരുവന്തപുരം - പാലോട് -മങ്കയം
കൂടുതല്‍ വിവരങ്ങള്‍ക്കും ഗൈഡിനും :- വിളിക്കുക 0472 2842122 പാലോട് ഫോറസ്റ്റ് സ്റ്റേഷന്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് : - റോസ്ബിന്‍ പാലയ്ക്കല്