പാലോടിന്‍റ്റെ വിനോദ സഞ്ചാര സാദ്ധ്യതകള്‍

തുമ്പിയാന അഥവാ കല്ലാന

പാലോട്: ഒരു തുമ്പിയുടെ വേഗത്തില്‍ കീഴ്ക്കാംതൂക്കായ മലനിരകള്‍ ഓടിക്കയറുന്ന ആന. മനുഷ്യനോളം പൊക്കമില്ലാത്ത, ആദിവാസികള്‍ കുള്ളനാനയെന്ന് വിളിക്കുന്ന കല്ലാന. പേപ്പാറ റെയ്ഞ്ചിലെ തീപ്പച്ചാംകുഴിക്ക് സമീപം കഴിഞ്ഞ ദിവസം തുമ്പിയാനയെ കണ്ടു. കല്ലാന ഉണ്ടെന്നും ഇല്ലെന്നുമുള്ള തര്‍ക്കം കഴിഞ്ഞ അഞ്ചുവര്‍ഷമായി നിലനില്‍ക്കെയാണ് വീണ്ടും ഈ ആന ക്യാമറക്കണ്ണുകളില്‍ പതിഞ്ഞത്. വന്യജീവി ഫോട്ടോഗ്രാഫറായ ജയിന്‍ അങ്ങാടിക്കലാണ് തീപ്പച്ചാംകുഴിക്ക് സമീപം കല്ലാനയുടെ ചിത്രം പകര്‍ത്തിയത്. അഞ്ചുവര്‍ഷം മുമ്പാണ് കല്ലാന വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറയില്‍ ആദ്യം പതിഞ്ഞത്. എന്നാല്‍ ഇത്തരമൊരാന അഗസ്ത്യമല നിരകളില്‍ ഇല്ലെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. ഈ വാദത്തെ ഒരിക്കല്‍ക്കൂടി തള്ളിക്കളയുന്നതാണ് കഴിഞ്ഞ ദിവസത്തെ തുമ്പിയാനക്കാഴ്ച. അഗസ്ത്യമലയടിവാരത്തെ ചാത്തന്‍കോട്ടുനിന്നും പതിനൊന്ന് കിലോമീറ്റര്‍ അകലെയാണ് തീപ്പച്ചാംകുഴി. ഇതിനടുത്ത് കരമനയാറിന്റെ ഉത്ഭവപ്രദേശത്ത് ശരീരം തണുപ്പിക്കുന്നതിനെത്തിയതായിരുന്നു ആനകളിലെ ഈ വിചിത്രന്‍. അഗസ്ത്യമലനിരകളിലെ അത്യപൂര്‍വയിനം ആനകളാണ് ആദിവാസികള്‍ തുമ്പിയാന എന്നു വിളിക്കുന്ന കല്ലാന. വലിപ്പക്കുറവും അമിതവേഗതയില്‍ ഓടാനുള്ള കഴിവുമാണ് ഈ ആനകള്‍ക്ക് തുമ്പിയാന എന്ന് പേരു വരാന്‍ കാരണം. ഉള്‍വനത്തിലെ ആദിവാസികളായ കാണിക്കാരാണ് ഇതിന് മുമ്പും തുമ്പിയാനയെ കണ്ടിട്ടുള്ളത്. വന്യജീവി വകുപ്പിന്റെ കണക്കനുസരിച്ച് പൂര്‍ണ വളര്‍ച്ചയെത്തിയ ആനകള്‍ക്ക് 2.13 മുതല്‍ 2.44 മീറ്റര്‍ (7.1 അടിമുതല്‍ 8.1 അടി വരെ) പൊക്കം ഉണ്ട്. എന്നാല്‍ തുമ്പിയാനകള്‍ക്ക് നാലര അടിയില്‍ താഴെ മാത്രമേ പൊക്കം വരൂ. തറയില്‍ തട്ടി നില്‍ക്കുന്ന വാല്, വാലില്‍ നിറഞ്ഞുനില്‍ക്കുന്ന രോമങ്ങള്‍, തൊലിപ്പുറത്തെ അസാധാരണമായ ചുളിവുകള്‍, മുതുകെല്ലിന്റെ സവിശേഷത എന്നിവയൊക്കെയാണ് ഇതിനെ സാധാരണ ആനകളില്‍ നിന്നും വേറിട്ടതാക്കുന്നത്. പൊതുവേ ആക്രമണകാരിയാണ്. അഗസ്ത്യമലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ ഇരുമ്പ് വടത്തില്‍ തൂങ്ങിയാണ് തീര്‍ത്ഥാടകര്‍ അഗസ്ത്യമലയിലെത്തി ദര്‍ശനം നേടുന്നത്. ഏറെ ദുരിതപൂര്‍ണമായ ഈ യാത്രയില്‍ ഭക്തര്‍ക്ക് എന്നും അത്ഭുതം ഈ പാറയുടെ മുകളില്‍ അനായാസം കയറുന്ന കല്ലാനകള്‍ തന്നെയാണ്. നേരത്തെ തുമ്പിയാനയെ കണ്ടെത്തിയതായ വാര്‍ത്തകള്‍വന്നപ്പോള്‍ ഇവയെപ്പറ്റി ഗവേഷണം നടത്താന്‍ വിദഗ്ദ്ധസംഘത്തെ നിയോഗിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും ആവഴിക്കൊരു നേട്ടവും വനം വകുപ്പ് ഉണ്ടാക്കിയിട്ടില്ല.

പെരിങ്ങമ്മലയ്ക്കുണ്ട്, പെരിയ സാധ്യതകള്‍

പാലോട്: കിഴക്കന്‍ മലയോരത്തിലെ  പൊന്‍മുടിയുടെ അടിവാരപ്രദേശമായ പെരിങ്ങമ്മല പഞ്ചായത്തിന്റെ പ്രകൃതിസൌന്ദര്യത്തെയും ആദിവാസി സംസ്കാരത്തെയും പരമ്പാരഗത തൊഴിലുകളെയും പുറംലോകത്തിനു  പരിചയപ്പെടുത്തി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍  സമഗ്ര പദ്ധതിക്കു രൂപം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. കുളത്തൂപ്പുഴ അരിപ്പ മുതല്‍ പൊന്‍മുടി വരെ വ്യാപിച്ചുകിടക്കുന്ന പഞ്ചായത്തിലെ ഈ  മേഖല ടൂറിസത്തിനു വളക്കൂറുള്ളതും  ഭൂപ്രകൃതിയാല്‍ അനുഗൃഹീതമായ മേഖലയുമാണ്. കുളത്തൂപ്പുഴ, അച്ചന്‍കോവില്‍, ആര്യങ്കാവ് ശബരിമല, കുറ്റാലം, പാലരുവി, തെന്മല അടക്കമുള്ള തീര്‍ഥാടന, വിനോദ കേന്ദ്രങ്ങളിലേക്കു കടന്നുപോകുന്ന ചെങ്കോട്ട റോഡിന്റെ ഓരത്തു സ്ഥിതി ചെയ്യുന്ന ഈ മേഖലയില്‍ സഞ്ചാരികള്‍ക്ക്  ഇടത്താവളമൊരുക്കാന്‍ അനുയോജ്യമായ ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. അനുഗൃഹീതമായ ഭൂപ്രകൃതിയിലെ മൊട്ടക്കുന്നുകളില്‍ ഹട്ടുകള്‍ തീര്‍ത്തു  പൊന്‍മുടി മലനിരകളുടെ സൌന്ദര്യം നുകരാനും  സാഹസികതയുടെ മലകയറ്റത്തിനു സൌകര്യങ്ങള്‍ ഒരുക്കിയാല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്നും  ചൂണ്ടിക്കാട്ടുന്നു. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ അവരുടെ  സംസ്കാരത്തെയും ആവിക്കുളിയടക്കമുള്ള  പാരമ്പര്യ ചികില്‍സാരീതികളെയും  മനസ്സിലാക്കാനും  ഒൌഷധസസ്യങ്ങളുടെ കലവറയായ കിഴക്കന്‍ വനാന്തര മേഖല  പഠനവിധേയമാക്കാനും  പദ്ധതികള്‍ക്കു രൂപം നല്‍കാം. ഈറ്റക്കാടുകളും ഈറ്റത്തൊഴിലാളികളും മേഖലയില്‍ ധാരാളമുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബ്രിട്ടീഷ് നിര്‍മിത ചരിത്രശേഷിപ്പുകള്‍ ഇന്നും പഞ്ചായത്തിന്റെ പല ഭാഗത്തും കാണാം. ഇതിലൂടെ കടന്നുപോകുന്ന മങ്കയം ഇക്കോ ടൂറിസം ആരംഭിച്ചെങ്കിലും സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ഇല്ലാത്തതുമൂലം ഇതു നാശത്തിലേക്കു വീണുകൊണ്ടിരിക്കുന്നു. ഇതിനെ വികസിപ്പിച്ചു പഞ്ചായത്തിലെ മറ്റു കേന്ദ്രങ്ങളെ കൂടി  ബന്ധിപ്പിച്ചു ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നാണു  പ്രകൃതിസ്നേഹികളുടെ ആവശ്യം.
പെരിങ്ങമ്മല പഞ്ചായത്തിലെ തന്നെ പൊന്‍മുടിയിലെത്തുന്ന സഞ്ചാരികള്‍ക്കു പഞ്ചായത്തിലെ വിനോദകേന്ദ്രങ്ങളില്‍ കൂടിയെത്താനുള്ള കണക്ടഡ് ടൂറിസത്തിനു പദ്ധതി തയാറാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പെരിങ്ങമ്മല പഞ്ചായത്തില്‍പ്പെട്ടതാണു  പൊന്‍മുടിയെങ്കിലും ഇവിടത്തുകാര്‍ക്കു പൊന്‍മുടിയിലെത്താന്‍ നേരിട്ടു ബസ് സര്‍വീസില്ല. ഇത്തരത്തില്‍ ഒരു സര്‍വീസ് ആരംഭിക്കണമെന്നും അതിനെ പെരിങ്ങമ്മലയിലെ പ്രധാന വിനോദ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കണമെന്നും ആവശ്യമുണ്ട്. ഇടിഞ്ഞാറില്‍ നിന്നു കല്ലാര്‍ വഴി പൊന്‍മുടിയിലെത്താനുള്ള ബ്രിട്ടീഷ് നിര്‍മിത കാട്ടുപാത നവീകരിച്ചാല്‍ കിഴക്കന്‍ മലയോര മേഖലയുടെ സൌന്ദര്യം നുകര്‍ന്നു സാഹസികതയുടെ മലകയറ്റം സാധ്യമാകുമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ സമഗ്ര പഠനത്തിനു വിധേയമാക്കി വികസിപ്പിച്ചാല്‍ പഞ്ചായത്തിന്റെ വളര്‍ച്ചയ്ക്കും ഒപ്പം പരമ്പരാഗത തൊഴില്‍ മേഖലകളുടെ ഉണര്‍വിനും വഴിതെളിയുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.

പൊന്മുടി ബസ് പുനരംരംഭിക്കണം

പെരിങ്ങമ്മല: പാലോട് ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തിയിരുന്ന പെരിങ്ങമ്മല, തെന്നൂര്‍-വിതുര, പൊന്മുടി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ചിറ്റൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. തടത്തില്‍ ഷാനിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം കൊച്ചുവിള അന്‍സാരി ഉദ്ഘാടനം ചെയ്തു. ഷെമീര്‍, ഫാറൂഖ്, താഹ എന്നിവര്‍ പ്രസംഗിച്ചു.