പാലോടിന്‍റ്റെ വിനോദ സഞ്ചാര സാദ്ധ്യതകള്‍

തെന്മല വനത്തില്‍ സഞ്ചാരികള്‍ക്കായി ടെന്റ്


Posted in mathrubhumi.com on: 02 Apr 2009
-സ്വന്തം ലേഖകന്‍


തെന്മല: നക്ഷത്രബംഗ്ലാവുകളോട് കിടപ്പിടിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് തെന്മല ഇക്കോ ടൂറിസം വനത്തിനുള്ളില്‍ തയ്യാറാക്കിയ ടെന്റുകള്‍ക്കുള്ളത്. കാട്ടുജീവികളുടെ ശല്ല്യമില്ലാതെ കാനനഭംഗി നുകര്‍ന്ന് ടെന്റിനുള്ളില്‍ സുരക്ഷിതമായി കഴിയാം.



മാര്‍ച്ച് അവസാനത്തോടെയാണ് സഞ്ചാരികള്‍ക്കായി ടെന്റില്‍ താമസസൗകര്യം തയ്യാറാക്കിയത്. ഇക്കോ ടൂറിസത്തിന്റെ ശലഭപാര്‍ക്കിനരുകില്‍ വള്ളിപ്പടര്‍പ്പുകളും അടിക്കാടുകളും നിറഞ്ഞ വനമേഖലയില്‍ രണ്ട് സ്ഥിരം ടെന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ജംഗിള്‍ ക്യാമ്പിങ് ഷെഡ്, സ്വിസ് കോട്ടേജ് ടെന്റ് എന്നിങ്ങനെയാണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്. കര്‍ണ്ണാടകത്തിലാണ് ഈ വിധത്തില്‍ ടെന്റിങ് സൗകര്യമുള്ളത്.

ഒരു ടെന്റിനുള്ളില്‍ രണ്ടുപേര്‍ക്ക് താമസിക്കാനാകും. ആയിരം രൂപയാണ് ദിവസ വാടക. മുന്‍കൂട്ടി ടെന്റ് ബുക്ക് ചെയ്യാം.

ആധുനിക സജ്ജീകരണങ്ങളോടുകൂടിയ, കക്കൂസ്, ബാത്ത് റൂം, ഭക്ഷണശാല, പൂമുഖം എന്നിവയെല്ലാം ടെന്റിനുള്ളിലുണ്ട്. ഉയര്‍ത്തിക്കെട്ടിയ പ്ലാറ്റ്‌ഫോമിന് മീതെ ഷീറ്റിട്ട മേല്‍ക്കൂരയ്ക്ക് അടിയിലായാണ് ടെന്റ് സ്ഥാപിച്ചിരിക്കുന്നത്. മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ കഴിയുംവിധമാണ് നിര്‍മ്മാണമെങ്കിലും ടെന്റ് ഇവിടെത്തന്നെ നിലനിര്‍ത്താനാണ് പദ്ധതിയെന്ന് ഇക്കോ ടൂറിസം അധികൃതര്‍ പറഞ്ഞു.

ഇതിനു പുറമെ വനയാത്രികര്‍ക്കായി ഇത്രത്തോളം മെച്ചപ്പെട്ടതല്ലാത്ത തരത്തിലുള്ള ടെന്റുകള്‍ അഡ്വഞ്ചര്‍ സോണില്‍ തയ്യാറാക്കിയിട്ടുണ്ട്. 400 രൂപയാണ് ദിവസവാടക. ഇക്കോ ടൂറിസത്തിന്റെ ഡോര്‍മെട്രിയില്‍ 85 രൂപ നിരക്കില്‍ 42 പേര്‍ക്ക് താമസിക്കാനും സൗകര്യമുണ്ട്.

തെന്മലയില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന പ്രശ്‌നം താമസസൗകര്യം ഇല്ലെന്നതായിരുന്നു. കല്ലട ജലസേചന പദ്ധതിയുടെ തെന്മലയിലെ ബംഗ്ലാവുകള്‍ മിനുക്കിയെടുത്ത് സഞ്ചാരികള്‍ക്ക് നല്‍കാന്‍ ഒന്നരക്കോടിയുടെ പദ്ധതി ഉണ്ടായിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായില്ല. ഇതിനിടെയാണ് ഇക്കോ ടൂറിസം സ്വന്തം നിലയില്‍ താമസസൗകര്യം ഒരുക്കിയത്.

തെന്മല ഡാം ജംഗ്ഷനിലെ ഇക്കോ ടൂറിസം ഓഫീസുമായി ബന്ധപ്പെട്ട് ടെന്റ് ബുക്ക് ചെയ്യാം. ഫോണ്‍: 0474-2344800