പാലോട്: കിഴക്കന്‍ മലയോരത്തിലെ പൊന്‍മുടിയുടെ അടിവാരപ്രദേശമായ പെരിങ്ങമ്മല പഞ്ചായത്തിന്റെ പ്രകൃതിസൌന്ദര്യത്തെയും ആദിവാസി സംസ്കാരത്തെയും പരമ്പാരഗത തൊഴിലുകളെയും പുറംലോകത്തിനു പരിചയപ്പെടുത്തി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സമഗ്ര പദ്ധതിക്കു രൂപം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു.
കുളത്തൂപ്പുഴ അരിപ്പ മുതല്‍ പൊന്‍മുടി വരെ വ്യാപിച്ചുകിടക്കുന്ന പഞ്ചായത്തിലെ ഈ മേഖല ടൂറിസത്തിനു വളക്കൂറുള്ളതും ഭൂപ്രകൃതിയാല്‍ അനുഗൃഹീതമായ മേഖലയുമാണ്. കുളത്തൂപ്പുഴ, അച്ചന്‍കോവില്‍, ആര്യങ്കാവ് ശബരിമല, കുറ്റാലം, പാലരുവി, തെന്മല അടക്കമുള്ള തീര്‍ഥാടന, വിനോദ കേന്ദ്രങ്ങളിലേക്കു കടന്നുപോകുന്ന ചെങ്കോട്ട റോഡിന്റെ ഓരത്തു സ്ഥിതി ചെയ്യുന്ന ഈ മേഖലയില്‍ സഞ്ചാരികള്‍ക്ക് ഇടത്താവളമൊരുക്കാന്‍ അനുയോജ്യമായ ഒട്ടേറെ കേന്ദ്രങ്ങളുണ്ട്.
അനുഗൃഹീതമായ ഭൂപ്രകൃതിയിലെ മൊട്ടക്കുന്നുകളില്‍ ഹട്ടുകള്‍ തീര്‍ത്തു പൊന്‍മുടി മലനിരകളുടെ സൌന്ദര്യം നുകരാനും സാഹസികതയുടെ മലകയറ്റത്തിനു സൌകര്യങ്ങള്‍ ഒരുക്കിയാല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ അവരുടെ സംസ്കാരത്തെയും ആവിക്കുളിയടക്കമുള്ള പാരമ്പര്യ ചികില്‍സാരീതികളെയും മനസ്സിലാക്കാനും ഒൌഷധസസ്യങ്ങളുടെ കലവറയായ കിഴക്കന്‍ വനാന്തര മേഖല പഠനവിധേയമാക്കാനും പദ്ധതികള്‍ക്കു രൂപം നല്‍കാം.
ഈറ്റക്കാടുകളും ഈറ്റത്തൊഴിലാളികളും മേഖലയില്‍ ധാരാളമുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള
ബ്രിട്ടീഷ് നിര്‍മിത ചരിത്രശേഷിപ്പുകള്‍ ഇന്നും പഞ്ചായത്തിന്റെ പല ഭാഗത്തും കാണാം. ഇതിലൂടെ കടന്നുപോകുന്ന മങ്കയം ഇക്കോ ടൂറിസം ആരംഭിച്ചെങ്കിലും സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ഇല്ലാത്തതുമൂലം ഇതു നാശത്തിലേക്കു വീണുകൊണ്ടിരിക്കുന്നു. ഇതിനെ വികസിപ്പിച്ചു പഞ്ചായത്തിലെ മറ്റു കേന്ദ്രങ്ങളെ കൂടി ബന്ധിപ്പിച്ചു ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നാണു പ്രകൃതിസ്നേഹികളുടെ ആവശ്യം.
പെരിങ്ങമ്മല പഞ്ചായത്തിലെ തന്നെ പൊന്‍മുടിയിലെത്തുന്ന സഞ്ചാരികള്‍ക്കു പഞ്ചായത്തിലെ വിനോദകേന്ദ്രങ്ങളില്‍ കൂടിയെത്താനുള്ള കണക്ടഡ് ടൂറിസത്തിനു പദ്ധതി തയാറാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പെരിങ്ങമ്മല പഞ്ചായത്തില്‍പ്പെട്ടതാണു പൊന്‍മുടിയെങ്കിലും ഇവിടത്തുകാര്‍ക്കു പൊന്‍മുടിയിലെത്താന്‍ നേരിട്ടു ബസ് സര്‍വീസില്ല. ഇത്തരത്തില്‍ ഒരു സര്‍വീസ് ആരംഭിക്കണമെന്നും അതിനെ പെരിങ്ങമ്മലയിലെ പ്രധാന വിനോദ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കണമെന്നും ആവശ്യമുണ്ട്.
ഇടിഞ്ഞാറില്‍ നിന്നു കല്ലാര്‍ വഴി പൊന്‍മുടിയിലെത്താനുള്ള ബ്രിട്ടീഷ് നിര്‍മിത കാട്ടുപാത നവീകരിച്ചാല്‍ കിഴക്കന്‍ മലയോര മേഖലയുടെ സൌന്ദര്യം നുകര്‍ന്നു സാഹസികതയുടെ മലകയറ്റം സാധ്യമാകുമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ സമഗ്ര പഠനത്തിനു വിധേയമാക്കി വികസിപ്പിച്ചാല്‍ പഞ്ചായത്തിന്റെ വളര്‍ച്ചയ്ക്കും ഒപ്പം പരമ്പരാഗത തൊഴില്‍ മേഖലകളുടെ ഉണര്‍വിനും വഴിതെളിയുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.