പാലോടിന്‍റ്റെ വിനോദ സഞ്ചാര സാദ്ധ്യതകള്‍

സഞ്ചാരികളെ ത്രസിപ്പിക്കുന്ന വാഴ്വാംതോല്‍: തുറന്നിടുന്നതു പ്രകൃതിഭംഗിയുടെ വിശാലത

വാഴ്വാംതോല്‍ വെള്ളച്ചാട്ടം.

വിതുര. കേരള വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധേയ സ്ഥാനമുള്ള തിരുവനന്തപുരത്തെ കിഴക്കന്‍ മലയോര ഗ്രാമമായ വിതുരയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണു വാഴ്വാംതോല്‍ വെള്ളച്ചാട്ടം. വിതുര-ബോണക്കാട് റൂട്ടില്‍ വിനോദസഞ്ചാരികളെ ഏറ്റവും അദ്ഭുതപ്പെടുന്ന തേക്കല്‍ എന്ന വിശാലമായ ചതുപ്പു പ്രദേശത്തിനു സമീപത്തുകൂടിയാണു വാഴ്വാംതോലിലേക്കു പോകേണ്ടത്. പേപ്പാറ ഡാമിന്റെ മറ്റൊരു വശമാണു തേക്കല്‍.

മരങ്ങളോടും കാട്ടുച്ചെടികളോടും വള്ളികളോടും കഥ പറഞ്ഞു പാറക്കെട്ടുകളോടു സംവദിച്ചു വാഴ്വാംതോലിലെത്താം. പോകുന്ന വഴികളില്‍ വന്‍മരങ്ങള്‍ കടപുഴകിക്കിടക്കുന്നതു കാണാം. വര്‍ഷങ്ങളോളം അര്‍ധചരമാവസ്ഥയില്‍ കിടക്കുന്ന ഈ ഉരുക്കുതടികള്‍ക്കു ഒരു മനുഷ്യായുസ്സിന്റെ വിശേഷങ്ങള്‍ പറയാനുണ്ടാകും. യാത്ര ഏകദേശമെത്തുമ്പോള്‍ കാട്ടാനയുടെയും പോത്തിന്റെയും മ്ളാവിന്റെയുമൊക്കെ കാല്‍പ്പാടുകള്‍ സഞ്ചാരികളെ ഭീതിയിലാഴ്ത്തിയേക്കാം. 

ചരിവില്‍ നിന്നു താഴേക്കു വീഴാന്‍ കൊതിച്ചുനില്‍ക്കുന്ന ആനപ്പാറകള്‍, കുട്ടിപ്പാറക്കൂട്ടങ്ങള്‍, ഈറ്റക്കാടുകള്‍, വന്മരക്കൊമ്പിലെ പക്ഷിക്കൂടുകള്‍ ഒക്കെ സഞ്ചാരികള്‍ക്കു വിരുന്നാകും. പ്രകൃതിയുടെ ശുദ്ധവായു ശ്വസിച്ചു കാടിന്റെ യഥാര്‍ഥ ഗന്ധമറിഞ്ഞ് ഒഴുക്കുവെള്ളത്തിന്റെ കളകള ശബ്ദം കേട്ടു യാത്ര തുടരുന്ന ഓരോ സഞ്ചാരിക്കും കിട്ടുന്നതോ ത്രസിപ്പിക്കുന്ന അനുഭവങ്ങള്‍; സാഹസികതയുടെ വിസ്മയാനുഭൂതികള്‍.

ഒടുവില്‍ അങ്ങു മുകളില്‍ വെള്ളച്ചാട്ടത്തിനടുത്തെത്തുമ്പോള്‍ മുകളിലോട്ടൊന്നു നോക്കിയാല്‍ ആകാശത്തുനിന്നു 
പാല്‍പ്പുഴയൊഴുകുംപോലെ തോന്നും. നാമറിയാതെ നമ്മളെത്തന്നെ മറന്നുപോകുന്ന അവസ്ഥ; അനിര്‍വചനീയം; അനുപമം; അതിഗംഭീരം. മലയിടുക്കുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഐസ് വാട്ടറിനെക്കാള്‍ തണുത്തിരിക്കും. മനസ്സും ശരീരവും അങ്ങേയറ്റം ശീതീകരിച്ച് എല്ലാം മറന്നു പ്രകൃതിയുടെ അപാരതയില്‍ ഇഴുകിച്ചേരുകയാവും ഓരോ സഞ്ചാരിയും. 

കുളിരിന്റെ കുസൃതിയും കാടിന്റെ രോമാഞ്ചവും ഓരോരുത്തരെയും ആഹ്ളാദത്തിന്റെ നിര്‍വൃതിയിലാഴ്ത്തും. തേക്കലില്‍ നിന്ന് ഏകദേശം ഒരു മണിക്കൂറിലധികം സഞ്ചരിച്ചുവേണം വാഴ്വാംതോലിലെത്താന്‍. വേനല്‍ക്കാലത്തു വരെ സമൃദ്ധമായ നീരൊഴുക്ക് നടത്തുന്ന ഇവിടം സഞ്ചാരികള്‍ക്കു മുന്നില്‍ പ്രകൃതിയുടെ വിശാലത തുറന്നിടുന്നു. 
പൊന്മുടിയിലേക്കും പേപ്പാറയിലേയ്ക്കുമെത്തുന്നവര്‍ അവിടെ അടിച്ചുപൊളിച്ചതിനുശേഷം ഒന്നു മാറി സഞ്ചരിച്ചാല്‍ അനുഭവിക്കാം പ്രകൃതിയുടെ ഈ വിസ്മയവും.