പാലോടിന്‍റ്റെ വിനോദ സഞ്ചാര സാദ്ധ്യതകള്‍

കാളക്കയം വെള്ളച്ചാട്ടം



by palode on Monday, November 28, 2011 at 1:30pm
പാലോടിനടുത്ത്‌ ഇടിഞ്ഞാറില്‍ കാട്ടിനുള്ളിലായി സ്ഥിതി ചെയ്യുന്ന കാളക്കയം വെള്ളച്ചാട്ടം സാഹസികരെയും പ്രകൃതി സ്‌നേഹികളെയും ഒരുപോലെ മാടിവിളിക്കുന്നു. തിരുവനന്തപുരത്തു നിന്ന്‌ 35 കി. മീ. അകലെയാണ്‌ പാലോട്‌. ഇവിടെനിന്നും തിരിഞ്ഞാല്‍ പെരിങ്ങമ്മലയെത്താം. പെരിങ്ങമ്മല നിന്നും ഇടിഞ്ഞാര്‍ വഴി 12 കി. മീ. ചെന്നാല്‍ കുരിശ്ശടിയായി. ഇവിടെയാണ്‌ കാളക്കയം വെള്ളച്ചാട്ടം. അവിടേക്കുള്ള കൈചൂണ്ടിപ്പലകകള്‍ ഇല്ലാത്തതിനാല്‍ സന്ദര്‍ശകര്‍ക്ക്‌ വഴി കണ്ടു പിടിക്കാന്‍ സ്ഥലവാസികളുടെ സഹായം തേടാം. വെള്ളച്ചാട്ടവും പരിസരവും അതിമനോഹരമാണ്‌. അഗസ്‌ത്യവനത്തില്‍ ഉദ്‌ഭവിക്കുന്ന മങ്കയം അരുവിയുടെ ഭാഗമായ ഈ ജലപാതത്തിനു താഴെ ഒരു ചെറു ജലാശയം രൂപപ്പെട്ടിട്ടുണ്ട്‌. തെന്നുന്ന പാറകള്‍ ധാരാളമുള്ളതിനാല്‍ ജലാശയത്തിലിറങ്ങി വെള്ളച്ചാട്ടത്തെ സമീപിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്‌. കാട്ടുവഴികളിലൂടെയുള്ള സഞ്ചാരം സസ്യജന്തുസമൃദ്ധിയിലേക്കാണ്‌ സഞ്ചാരികളെ നയിക്കുക. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :തിരുവനന്തപുരം 50 കി. മീ. 
സമീപസ്ഥ വിമാനത്താവളം :തിരുവനന്തപുരം 60 കി. മീ.


അപൂര്‍വതകളുടെ അരിപ്പ.......

Published in Madhyamam.com on Sun, 11/27/2011 - 14:26 ( 21 hours 40 min ago)

 അപൂര്‍വതകളുടെ അരിപ്പ.......
അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷി വര്‍ഗങ്ങളുടെ സങ്കേതമാണ് തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അതിരില്‍ കുളത്തൂപ്പുഴ റേഞ്ചിലുള്ള അരിപ്പ വനപ്രദേശം. നാലു പതിറ്റാണ്ടോളമായി പ്രധാന പക്ഷി നിരീക്ഷകരുടെയെല്ലാം പറുദീസയാണ് അരിപ്പ.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതത്തോളമോ അതിലുപരിയോ പ്രാധാന്യം അര്‍ഹിക്കുന്ന സങ്കേതമാണ് അരിപ്പയെന്ന് പക്ഷിനിരീക്ഷകര്‍ വിലയിരുത്തുന്നു.
എപ്പോഴും അപൂര്‍വമായതെന്തെങ്കിലും സന്ദര്‍ശകര്‍ക്കായി കരുതിവെക്കുന്ന അത്യപൂര്‍വമായൊരു ജൈവകേന്ദ്രമാണ് അരിപ്പയിലെ പച്ചിലക്കാടുകളെന്ന് പ്രശസ്ത പക്ഷിനിരീക്ഷകനും കേരള നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി സ്ഥാപകനുമായിരുന്ന ഇന്ദുചൂഡന്‍ പറയാറുണ്ടായിരുന്നെന്ന് പക്ഷിനിരീക്ഷകനായ സി.സുശാന്ത് ഓര്‍ക്കുന്നു.

കഴിഞ്ഞ മുപ്പത് വര്‍ഷമായി മാസത്തില്‍ രണ്ടുതവണ ഒരു തീര്‍ഥാടനംപോലെ അരിപ്പ വനമേഖല സന്ദര്‍ശിക്കാറുള്ള സുശാന്തിന് ‘അരിപ്പ അമ്മയമ്പലം പച്ച’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സങ്കേതത്തിലേക്ക് വഴികാട്ടിയായതും ഗുരുവായ ഇന്ദുചൂഡനാണ്.
സാധാരണ പ്രകൃതിയില്‍നിന്ന് അപൂര്‍വതയെ അരിച്ചുമാറ്റുന്ന കാടിന്‍െറ ശേഷിപ്പാണ് അരിപ്പ മേഖല. അതുകൊണ്ടുതന്നെ, നിത്യഹരിത വനങ്ങളാല്‍ രമണീയമായ ഇവിടം സ്വന്തം പേരിനെ അന്വര്‍ഥമാക്കുന്നു. പ്രകൃതിയുടെ അനുഗ്രഹം ഏറെ സിദ്ധിച്ചിട്ടുള്ള സങ്കേതമാണ് അരിപ്പ.
സമതല നിത്യഹരിത വനമാണ് (Low Land Evergreen Forset) ഇവിടെയുള്ളത്. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് ഇവിടം. കേരളത്തിലെതന്നെ മറ്റ് പക്ഷിനിരീക്ഷണകേന്ദ്രങ്ങള്‍ക്കില്ലാത്ത ഒരു സവിശേഷത കൂടിയാണിത്.

തട്ടേക്കാടിന്‍െറ ഏറ്റവും വലിയ സവിശേഷതയായി പറയാറുള്ള അപൂര്‍വ പക്ഷിവര്‍ഗമായ മാക്കാച്ചി കാടയെ (ശ്രീലങ്കന്‍ ഫ്രോഗ്മൗത്ത്) ആദ്യമായി കണ്ട് കേരളത്തിലെ ഈ പക്ഷിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത് അരിപ്പയിലാണ്. ഇതിനുശേഷമാണ് തട്ടേക്കാട് ഈ പക്ഷിയെ കണ്ടെത്തുന്നത്. എന്നാല്‍, അരിപ്പയില്‍ ഇതിനെ കണ്ട വിവരം വനംവകുപ്പിന്‍െറ ഒൗദ്യോഗിക രേഖകളിലില്ല. സുശാന്തിന്‍െറ നേതൃത്വത്തില്‍ ഒരു പറ്റം പക്ഷിനിരീക്ഷകര്‍ അരിപ്പയില്‍ ഈ പക്ഷിയെ കണ്ടെത്തിയിരുന്നു. രാത്രിഞ്ചരനായ മാക്കാച്ചി കാടയെ അരിപ്പയിലെ ഈറ്റക്കാടുകളിലാണ് കൂടുതലായി കാണുന്നത്. കരിയില വര്‍ണത്തിലുള്ള ഇവയെ വളരെ അപൂര്‍വമായി മാത്രമേ കാണാന്‍ കഴിയൂ.
അരിപ്പയില്‍ 270ലേറെ പക്ഷിവര്‍ഗങ്ങളുണ്ട്. കേരളത്തില്‍ കാണുന്ന ഏറ്റവും വലിയ മരങ്കൊത്തിയായ ബ്ളാക് വുഡ് പെക്കര്‍ എന്ന കാക്ക മരങ്കൊത്തി അരിപ്പയില്‍ ’90കളില്‍ ഇഷ്ടംപോലെ കണ്ടിരുന്നതായും ഇപ്പോള്‍ കാണാറേയില്ളെന്നും സുശാന്ത് പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ഇനമാണിത്. പക്ഷികളിലെ ഗാനഗന്ധര്‍വനായ ഷാമക്കിളി എന്ന ഇന്ത്യന്‍ ഷാമയെയും അരിപ്പ വനത്തില്‍ ധാരാളമായി കണ്ടിരുന്നു. ഈ പക്ഷികളുടെ എണ്ണത്തിലും കാര്യമായ കുറവുവന്നിട്ടുണ്ടെന്ന് മൂന്ന് പതിറ്റാണ്ടിന്‍െറ അനുഭവ സമ്പത്തോടെ സുശാന്ത് പറയുന്നു.
അരിപ്പ പക്ഷിസങ്കേതമായി ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെടാതിരിക്കുകയും സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ അപൂര്‍വയിനം ദേശാടന കിളികളുള്ള ഈ പറുദീസ നാള്‍ക്കുനാള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.വനംവകുപ്പിന്‍െറ ദുര്‍ബലമായ പ്രതിരോധങ്ങളെപോലും ഭേദിച്ച്  മനുഷ്യരുടെ ഇടപെടലാണ് പ്രധാന കാരണം. കാട്ടുവഴികളിലൂടെ വാഹനങ്ങളില്‍ കടന്നെത്തുന്നവര്‍ ഈ പച്ചിലക്കാടുകള്‍ മദ്യപിച്ച് കൂത്താടാനുള്ള വേദിയാക്കി മാറ്റിയിരിക്കുകയാണ്. വനമേഖലയിലെവിടെയും പ്ളാസ്റ്റിക് മാലിന്യം നിറഞ്ഞിട്ടുണ്ട്.

വനവികസന കോര്‍പറേഷന്‍ തനത് പ്രകൃതിക്കിണങ്ങാത്ത പള്‍പ്പ് വുഡ് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചും പിന്നെ വെട്ടിയൊഴിച്ചും ഇപ്പോള്‍ ഇക്കോ ടൂറിസം എന്ന പേരിലെ വികസനവും വനനശീകരണത്തില്‍ തങ്ങളുടെ പങ്കുകൂടി വഹിക്കുകയാണ്.
കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രെയ്നിങ് കോളജ് സ്ഥിതിചെയ്യുന്നത് ഈ പച്ചിലക്കാടിനോട് ചേര്‍ന്നാണ്. ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും ഫോറസ്റ്റ് അക്കാദമിക്ക് തറക്കല്ലിട്ടിരിക്കുന്നതും ഇവിടെയാണ്. ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന കേന്ദ്രമായിട്ടും മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇവിടെയില്ല. ബാഹ്യ ഇടപെടലുകള്‍ അത്ര ബഹുലമാണ്. ഈ പച്ചപ്പ് നിലനിര്‍ത്താന്‍ അടിയന്തര ശ്രദ്ധ ആവശ്യമാണ്.
കൊല്ലം -തിരുവനന്തപുരം ജില്ലകളുടെ കിഴക്കേ അതിരിനോടു ചേര്‍ന്നുള്ള പ്രസിദ്ധ വിനോദ സഞ്ചാരമേഖലയില്‍ അരിപ്പയും ഉള്‍പ്പെടുന്നുണ്ട്. ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം, കുളത്തുപ്പൂഴ ലൈവ് സ്റ്റോക്ക്, പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പൊന്മുടി ഹില്‍ റിസോര്‍ട്ട് തുടങ്ങി പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അമ്പത് കിലോമീറ്റര്‍ ചുറ്റളവിലുള്ളതിനാല്‍ അരിപ്പ പക്ഷി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടാല്‍ വിനോദ സഞ്ചാരത്തിന്‍െറ നേട്ടംകൂടി കൊയ്യാം. എന്നാല്‍, ആ നിലയില്‍ കിട്ടേണ്ട സംരക്ഷണവും പ്രാധാന്യവും കൂടി കിട്ടുന്നില്ല.

ആന, കാട്ടുപോത്ത്, മ്ളാവ്, പന്നി, കേഴമാന്‍, പുലി, മലയണ്ണാന്‍, മരപ്പട്ടി, ചെന്നായ, കാട്ടുപൂച്ച, കൂരമാന്‍, മുയല്‍ തുടങ്ങി നിരവധി വന്യമൃഗങ്ങളും ഈ വനമേഖലയിലുണ്ട്. കമ്പക വൃക്ഷങ്ങള്‍ പ്രത്യേകം പ്ളാന്‍റ് ചെയ്ത വലിയൊരു തോട്ടവും ഈ മേഖലയിലുണ്ട്. ഉയരംകൂടിയ വിവിധയിനം വൃക്ഷങ്ങളും ഇവിടത്തെ പ്രത്യേകതയാണ്. വലിയ മരങ്ങളുടെ ഉയരമുള്ള ചില്ലകളിലാണ് അധികം പക്ഷികളും കൂടുകൂട്ടാറ്.

താടിക്കാരന്‍ വേലിതത്ത (Blue Beared Be eater), കാട്ടുമൂങ്ങ (Forest Eagle Owl), ചാരത്തലയന്‍ ബുള്‍ബുള്‍ (Greyheaded Bul bul),, ചാരത്തലയന്‍ മീന്‍ പരുന്ത് (Grey Headed Fishing Eagle), മേനിപൊന്മാന്‍ (Threetoed King fisher), കാട്ടുപൊടി പൊന്മാന്‍ (Blue eared King fisher), കിന്നരിപ്പരുന്ത് (Black baza), മീന്‍ കൂമന്‍ (Brown Fish owl), മേനിപ്രാവ് (Green Imperial Pigeon), കോഴി വേഴാമ്പല്‍ (Malabar Grey Hornbill), ഉപ്പന്‍കുയില്‍ (Red wriged Crested Cuckoo), കാട്ടുതത്ത (Malabar Parakeet) തുടങ്ങി 270ലേറെ പക്ഷി വര്‍ഗങ്ങളാണ് അരിപ്പയുടെ സവിശേഷത.
ചെവിപോലെ നീണ്ട തൂവലുകള്‍ ഉള്ള കാട്ടുമൂങ്ങ, സഹ്യാദ്രിയിലെ തനത് പക്ഷിയായ അപൂര്‍വയിനം ചാരത്തലയന്‍ ബുള്‍ബുള്‍ എന്നിവ വംശനാശഭീഷണി നേരിടുന്നവയാണ്. കാട്ടുപൊടി പൊന്മാന്‍, മേനി പൊന്മാന്‍, മീന്‍ കൂമന്‍ എന്നിവയെ അരിപ്പയിലെ കാട്ടരുവികളോട് ചേര്‍ന്നുള്ള വനഭാഗത്താണ് കാണുന്നത്. ദേശാടന പക്ഷികളായ കിന്നരിപ്പരുന്ത്, ഉപ്പന്‍ കുയില്‍ എന്നിവയെയും അരിപ്പയില്‍ കാണാറുണ്ട്. സഹ്യാദ്രിയിലെ തനതു പക്ഷികളായ കാട്ടുതത്ത, കോഴി വേഴാമ്പല്‍ എന്നിവയെ അരിപ്പയില്‍ സംഘമായാണ് കാണാറുള്ളത്.
അരിപ്പ പക്ഷിസങ്കേതത്തില്‍ ഏറ്റവും കൂടുതല്‍ പക്ഷികളെ കാണാറുള്ളത് മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയാണെന്ന് സുശാന്ത് പറയുന്നു. എന്നാല്‍, പക്ഷികളുടെ എണ്ണം ചില സമയങ്ങളില്‍ വളരെ കുറയാറുണ്ടത്രേ. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ പക്ഷികളുടെ എണ്ണം ക്രമാതീതമായാണ് കുറഞ്ഞത്.

വരയാട്ടുമൊട്ട



Written by സോജന്‍ പി.ആര്‍   in yathrakal.com
Sunday, 20 June 2010 05:17

"വരയാടും വേഴാമ്പലും നിങ്ങളെ കാത്തിരിക്കുന്നു"


വരയാട്ടുമൊട്ടയെ പറ്റി വന്ന ലേഖനത്തില്‍ ഏറെ ആകര്‍ഷിച്ചത് ഈ വരികളായിരുന്നു.മുഴുവന്‍ വായിക്കും മുന്‍പേ തന്നെ അവിടെക്കൊരു യാത്ര മനസ്സില്‍ ഉറപ്പിച്ചു. തിരുവനന്തപുരത്തിന്റെ 59 കിലോമീറ്റര്‍ അകലെ പൊന്‍ മുടിക്കടുത്താണ് വരയാട്ടുമൊട്ട. 1200 മീറ്ററൊളം ഉയരമുള്ള ഈ റേഞ്ചിലെ എറ്റവും ഉയരംകൂടിയതാണു വരയാട്ടുമൊട്ട ,വരയാട്ടുമുടി എന്നൊക്കെ അറിയപ്പെടുന്ന ഈ കൊടുമുടി. കേരളത്തില്‍ മൂന്നാറിനു തെക്ക് വരയാടുകള്‍ ഉള്ള ഏക മലയും ഇതാണ്. 30എണ്ണത്തൊളം ഇവിടെ ഉണ്ടെന്നാണു അറിയാന്‍ കഴിഞ്ഞതു.ഇകൊ ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഗൈഡഡ് ട്രെക്കിഗ് ആണു ഈ മലകളിലേക്കുള്ളത്.

ചാറ്റല്‍മഴയുള്ള വെളുപ്പാന്‍ കാലത്തുതന്നെ തിരുവനന്തപുരത്തുനിന്നും തിരിച്ചു.നഗരം വിട്ടു ചെറിയ ഗ്രാമങ്ങളിലൂദെ ,ചെറിയ കാടുകളിള്ലൂടെ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയപ്പൊള്‍ 7 മണി കഴിഞ്ഞിരുന്നു. ഇകൊ ടൂറിസം വക ചെറിയ ഓഫീസിന്റെ തിണ്ണയില്‍ ഗൈഡ് രാമചന്ദ്രന്‍ റെഡി.കയ്യില്‍ ഒരു കന്നാസും കത്തിയും ഒരു ചെറിയ പൊതിയും.കന്നാസ് വെള്ളം കൊണ്ടുപൊകാനാണ്. ചോലവനങ്ങള്‍ കടന്നു പുല്‍മെട്ടിലെത്തിയാല്‍ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടാണ്.പൊതിയില്‍ എന്താണെന്നു ചോദിച്ചപ്പൊള്‍ ഒരു ചെറുചിരിയോടെ രാമചന്ദ്രന്‍ തുറന്നു കാട്ടി..നാലഞ്ചു കവര്‍ ശംഭു ആണ്. ആട്ടയ്ക്കെതിരെ ഉള്ള ഒരു ഉഗ്രന്‍ പ്രയോഗം.ശംഭു ചെറിയ കിഴികെട്ടി യാത്രക്കുമുന്‍പുതന്നെ എല്ലാവര്‍ക്കും തന്നിരുന്നു.ഉപ്പു,ഡെറ്റൊള്‍,സോപ്പുപൊടി തുടങ്ങിയ പ്രയോഗങ്ങലേക്കള്‍ വളരെ ഫലപ്രദമാണു ഈ പരിപാടിയെന്നു കിഴി മുട്ടുമ്പൊള്‍ തന്നെ പിടിവിടുന്ന അട്ടകളെ കണ്ടപ്പോള്‍ ശരിക്കും മനസ്സിലായി.


സമുദ്രനിരപ്പില്‍ നിന്നും 200 മീറ്റരില്‍ നിന്നും തുടങ്ങുന്ന യാത്രയില്‍ വരയാട്ടുമൊട്ടയുടെ മുകളിലെത്തന്‍ 3 കിലൊമീറ്റെര്‍ വനത്തിലൂടേയും 2കിലൊമീറ്റെര്‍ പുല്‍മേടുകളിലൂടെയും മലകയറണം.ഫോറസ്റ്റു സ്റ്റേഷനില്‍ നിന്നും നോക്കിയാല്‍ മറ്റു മലകളുടെ മറവുമൂലം വരയാട്ടുമുടി കാണാന്‍ കഴിയില്ല.ഫോറസ്റ്റ് സ്റ്റേഷന്നു തൊട്ടടുത്തുള്ള കാളക്കയവും കുരിശടി വെള്ളച്ചാട്ടവും വളരെ മനോഹരമാണ്.

അക്വേഷിയയും യൂക്കാലി മരങ്ങളും നിറഞ്ഞ നിരപ്പില്‍ നിന്നും കയറിചെല്ലുന്നതു അടഞ്ഞ ഈറ്റക്കാടുകളിലേക്കണ്. തിങ്ങിവളര്‍ന്നു നില്‍ക്കുന്ന ഈറ്റക്കാടുകള്‍ക്കിടയിലൂടെ അരയാള്‍ പൊക്കത്തില്‍ വെട്ടിയിണ്ടാക്കിയിരിക്കുന്ന തുരങ്കതിലൂടേ വേണം മുകളിലെക്കു കയറാന്‍.ഒരാള്‍ക്കു കഷ്ടി നൂണുകടക്കാം.കുനിഞ്ഞു ഉള്ളില്‍ കടന്നാല്‍ പിന്നെ നടുവു നിവര്‍ത്തണമെങ്കില്‍ പുറത്തുകടക്കണം. ഇലകള്‍ വീണുകിടക്കുന്ന കയറ്റത്തില്‍ തെന്നാനും കണ്ണിലും മറ്റും കുത്തികയറാനും സാധ്യതയുള്ളതിനാല്‍ ഇതു വളരെ അപകടകരമായി തോന്നി. ചിലയിടങ്ങളില്‍ 10 മിനിട്ടിലധികം കുനിഞ്ഞു നടക്കേണ്ടിവന്നു.ഇടക്കുള്ള തെളിഞ്ഞ ഇടങ്ങളില്‍ ഒന്നു നടുവുനിവര്‍ത്തി വീണ്ടും ഈറ്റക്കാടുകളിലൂടെ പത്തുപെരുടെ ക്യൂ ഇഴഞ്ഞു നീങ്ങി.മുന്‍പിലും പിന്‍പിലും അരൊക്കെയൊ ഇടക്കു തെന്നിവീഴുന്നുണ്ടെങ്കിലും നിവര്‍ന്നു നോക്കാന്‍ കഴിയുന്നില്ല

നിസ്സാരപരിക്കുകളോടെ ഈറ്റക്കാടിനു പുറത്തെത്തി. ഇനി ഇരുണ്ട പച്ചനിറമുള്ള അടഞ്ഞ നിത്യഹരിതവനങ്ങളാണ്.ആകാശം മറയ്ക്കുന്ന കൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തില്‍ തിളങ്ങുന്ന ചെറിയ നീര്‍ച്ചാലുകള്‍ ‍. ദൂരക്കാഴ്ച്ച തീരെയില്ല. ദിശാബോധം തീരെ നഷ്ടപ്പെട്ടതുപൊലെ തോന്നി. മരങ്ങള്‍ക്കിടയിലൂടെ മുകളിലേക്കുള്ള കുത്തുകയറ്റതില്‍ ഇലകള്‍ വീണഴുകികിടക്കുന്ന മേല്‍മണ്ണ് ഒരടിക്കു രണ്ടടി എന്ന കണക്കില്‍ പിന്നോട്ടു പോകും.താഴേക്കുനോക്കിയാല്‍ ചാടിപിടിക്കന്‍ അവസര്‍ം നൊക്കുന്ന ചോരകുടിയന്‍ അട്ടകള്‍..എങ്ങും നില്‍ക്കാതെ വളരെ വേഗം നടക്കുക എന്നതുമാത്രമാണു പോംവഴി. ഇടക്കൊരു പാറയെതിയപ്പൊളാണു ശംഭു കിഴികള്‍ പുരത്തെടുത്തത്.മിക്കവരുടെയും കഴുത്തില്‍വരെ അട്ടകള്‍ കടിച്ചുതൂങ്ങി. ടീ-ഷര്‍ട്ടുകളില്‍ പലയിടത്തും ചോരപാടുകള്‍ .

അല്പസമയം ഒരു ചെറിയ മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ വിട്ടിട്ടു ഗൈഡ് തിരിച്ചെത്തുമ്പൊള്‍ കയ്യില്‍ ഒരു തീരെ കനംകുറഞ്ഞ എന്നാല്‍ നല്ല ബലമുള്ള ഒരു തരം വടികള്‍ ഉണ്ടായിരുന്നു. ഇവിടെ വളരുന്ന പന വര്‍ഗ്ഗത്തില്‍പ്പെട്ട ചെടിയുടെ മടലുകളാണത്രെ! മുകളിലേക്കു ചെന്നപ്പോള്‍ ഈ ചെടി കാണാന്‍ കഴിഞ്ഞു. കണമരത്തിനോടു സാമ്യമുള്ള അതില്‍ നിന്നും കള്ള് ചെത്തിയെടുക്കാന്‍ പറ്റുമത്രെ!

കയറ്റത്തിനിടയില്‍ പലരും വീണെങ്കിലും അധികം പെയിന്റു പോകാതെ രക്ഷപെട്ടു.




മൂന്നിലധികം മണിക്കൂര്‍ നീണ്ട വനയാത്ര പതിനൊന്നു മണിയൊടെ പുല്‍മേട്ടിലെത്തിച്ചു. വെളിച്ചവും പുല്‍മേടും കണ്ടപ്പൊള്‍ തന്നെ വല്ലാത്തൊരാശ്വാസം.അങ്ങിങ്ങു കുറച്ചു മലകള്‍ കാണാം. മുന്നോട്ട് പോകുംതോറും താഴ്വരകളുടെ സുഭഗ ദര്‍ശനം കിട്ടിതുടങ്ങും.
പുല്‍മേടിന്റെ ഒത്തനടുക്കുള്ള ഒറ്റപാറയും ചുറ്റും തണല്‍ തീര്‍ത്തു നില്‍ക്കുന്ന നാലഞ്ചു മരങ്ങളും സവിശേഷമായ കാഴ്ച്ചയാണ്. സുഖകരമായ തണുത്ത കാറ്റേറ്റ് മേഘങ്ങളെ ഉമ്മവെക്കുന്ന മലകളെയും പച്ചപുതച്ച താഴ്വാരങ്ങളെയും കണ്ടു വിശ്രമിച്ചെ ആരും മുകളിലേക്കു പോകൂ.


പുല്‍മേടുകളില്‍ ചിലയിടങ്ങളില്‍ കാഴ്ച്ചപ്പനയോട് സാമ്യമുള്ള ചില മരങ്ങള്‍ കൂട്ടമായി വളര്‍ന്നു നില്‍പ്പുണ്ട്. ഈ പനകള്‍ ഉയര്‍ന്ന മലകളിലേ വളരൂ എന്നും ഇതിന്റെ പഴുത്തുവീഴുന്ന ഓലകള്‍ വരയാടുകള്‍ കഴിക്കാറുണ്ടെന്നുമൊക്കെ ഗൈഡില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. വാഗമണ്‍ കുരിശുമലയിലെ ചില പാറക്കെട്ടുകളില്‍ ഇത്തരം പനകള്‍ മുന്‍പു കണ്ടതോര്‍ക്കുന്നു.

പുല്‍മേടുകളില്‍ നിന്നും നോക്കിയാല്‍ തലക്കു മുകളിലായി വരയാട്ടുമൊട്ട കാണാം. വലിയ മകമത്സ്യത്തെ കൊത്തിവെച്ചിരിക്കുന്നതുപൊലേ വലിയ ഒരു പാറ. അതിന്റെ ചുവട്ടില്‍ എതിയപ്പൊള്‍ തന്നെ എല്ലാവരും തളര്‍ന്നിരുന്നു.ഗൈഡ് അടക്കം പലര്‍ക്കും ഇനി മുകളിലേക്കു കയറാന്‍ മടി.പാറക്കെട്ടുകളിലൂടെ മുകളിലേക്കു വലിഞ്ഞു കയറുന്നതു വിലക്കിയ ഗൈഡിന്റെ മുന്നറിയിപ്പുകള്‍ സ്നേഹപൂര്‍വം അവഗണിച്ചു ഞാനടക്കം കുറച്ചുപേര്‍ മുകളിലേക്കു കയറി. ഇടക്കിടെ വന്നുപോകുന്ന മേഘങ്ങള്‍ ചാറ്റല്‍മഴ പൊഴിക്കുന്നതിനാലാവണം പാറകളും പുല്ലുമെല്ലാം നന്നായി നനഞ്ഞിരിക്കുന്നു. നല്ല വഴുക്കലുമുണ്ട്. ചില മേഘങ്ങള്‍ കടന്നുപോകുമ്പോള്‍ മഴപെയ്തതു പോലെ ഞങ്ങള്‍ നനഞ്ഞെങ്കിലും താഴെ നിന്നവര്‍ ഒട്ടും നനയാഞ്ഞതു കണ്ടു പിന്നീടു വിസ്മയം തോന്നി. ഇടക്കു ഞങ്ങളുടെ നിലക്കും താഴത്തുകൂടി കടന്നുപോയ മേഘം താഴ്വരകളുടെയും താഴെ നില്‍ക്കുന്നവരുടെയും ദൃശ്യങ്ങള്‍ പറ്റെ മായിച്ചു. മുകളില്‍ നോക്കിയാല്‍ നനഞ്ഞ പാറയും താഴെ മേഘങ്ങളും. ആ അനുഭൂതി വര്‍ണ്ണകള്‍ക്ക് അപ്പുറമാണ്. ക്ഷമിക്കൂ.


അരമണിക്കൂര്‍ പരിശ്രമം വേണ്ടിവന്നു മുകളിലെത്താന്‍. ഇവിടെ നിന്നാല്‍ കടല്‍ കാണാം എന്നുപറഞ്ഞിരുന്നു എങ്കിലും കാലാവസ്ഥ പ്രതികൂലമായിരുന്നു. കനത്ത മഞ്ഞുവന്നു കാണാഞ്ഞിട്ടാവണം താഴെനിന്നും കൂക്കുവിളികള്‍ കേട്ടു. താഴേക്ക്‌ നോക്കിയാല്‍ മഞ്ഞല്ലാതെ ഒന്നും കാണാന്‍ കഴിയുന്നില്ല. മുകളിലെത്തിയതിന്റെ സന്തോഷവും വരയാടിനെ കാണാത്ത ദുഖവുമായി അഞ്ചരമണിക്കൂര്‍ കയറ്റം അവസാനിപ്പിച്ചു ഇറങ്ങാന്‍ തുടങ്ങി. ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തുമ്പോള്‍ അഞ്ചുമണി കഴിഞ്ഞിരുന്നു. തൊട്ടടുത്തുള്ള മങ്കയം വെള്ളച്ചാട്ടത്തില്‍ കുളിച്ചു ചീവിടിന്റെ സംഗീതത്തിന്റെ അകമ്പടിയോടെ വണ്ടിയില്‍ കയറി തിരിക്കുമ്പോള്‍ സൂര്യന്റെ അവസാന രശ്മികളും മങ്ങിമറഞ്ഞു കഴിഞ്ഞിരുന്നു.

------------------------------------------------------------------------------------------------------------
എത്തേണ്ട വഴി : തിരുവന്തപുരം - പാലോട് -മങ്കയം
കൂടുതല്‍ വിവരങ്ങള്‍ക്കും ഗൈഡിനും :- വിളിക്കുക 0472 2842122 പാലോട് ഫോറസ്റ്റ് സ്റ്റേഷന്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് : - റോസ്ബിന്‍ പാലയ്ക്കല്